Skip to main content

**ഗതി കെട്ടാൽ പുലി പുല്ലും തിന്നും**

സ്കൂൾ പഠനകാലത്തെ പല ഓർമ്മകൾക്കും മധുരമേറെയാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ കുറച്ചു കാലം ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്നു. ഏറെ ആവേശത്തോടെ താൽപര്യത്തോടെ പോയി ചേർന്ന സ്കൂളും പരിസരവും ഹോസ്റ്റലും. ഹോസ്റ്റലിലേക്ക് മാറുമ്പോൾ ആദ്യമായി തന്നെ ചോദിച്ചത് ഭക്ഷണത്തെക്കുറിച്ച് ആണ്. കാരണം എനിക്ക് മൂന്നുനേരം കോഴി തന്നെ വേണം അല്ലാതെ വായിൽ നിന്നും താഴേക്ക് ഒന്നും ഇറങ്ങില്ല. അതുകൊണ്ട് ഹോസ്റ്റലിൽ നോൺവെജ് കിട്ടുമോ എന്ന് ആദ്യം തന്നെ അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ കിട്ടിയ റിപ്പോർട്ട് അവിടെ സ്ഥിരമായി നോൺവെജ് ഉണ്ടാകും എന്നാണ്. കോഴി കിട്ടിയില്ലെങ്കിലും നോൺവെജ് എന്തെങ്കിലും കിട്ടിയാലും മതി എന്ന പരുവത്തിൽ ആയിട്ടുണ്ടായിരുന്നു എൻറെ ചിന്താഗതി. ആദ്യത്തെ ദിവസം കുറച്ചു പർച്ചേസും കാര്യങ്ങളും ഒക്കെ ഉള്ളതിനാൽ എന്നെ വൈകിട്ട് ഹോട്ടലിൽ നിന്നും ഭക്ഷണം ഒക്കെ കഴിപ്പിച്ചതിനുശേഷമാണ് ഉപ്പ എന്നെ ഹോസ്റ്റലിൽ ആക്കിയത്. തിരക്കിട്ടു ഹോസ്റ്റലിൽ ചെന്ന് ആദ്യം തന്നെ ഭക്ഷണം ഒന്നും വേണ്ട എന്നും പറഞ്ഞു ഞാൻ എൻറെ റൂമിൽ കയറി എല്ലാം അടുക്കിപ്പെറുക്കി വെച്ചു. അപ്പോഴാണ് തൊട്ടടുത്ത റൂമുകളിലുള്ളവർ എല്ലാം അന്ന് പരിചയപ്പെടാൻ വന്നത്. പരിചയപ്പെടുന്നതിനു ഇടയിൽ പലരും പല വിശേഷങ്ങളും പറഞ്ഞു കൂട്ടത്തിൽ ഹോസ്റ്റലിലെ പ്രധാന പ്രശ്നങ്ങളും സൂചിപ്പിച്ചു. അവിടുത്തെ പ്രധാന പ്രശ്നം രാവിലത്തെ ബാത്റൂമിന്റെ ലഭ്യതയാണ്. തിരിച്ചറിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു രാവിലെ കുറച്ചു നേരത്തെ തന്നെ എഴുന്നേറ്റു ബാത്റൂം പിടിച്ചെടുക്കണമെന്ന്. രാവിലത്തെ ഹോസ്റ്റലിലെ അലാറം അടിയുന്നത് അഞ്ചരയ്ക്ക് ആണ്. മുസ്ലിം പെൺകുട്ടികൾക്ക് നമസ്കരിക്കാൻ ഉള്ള സൗകര്യവും അവിടെയുണ്ട്. അതു കൂടി കണക്കിലെടുത്താണ് അഞ്ചരക്കുള്ള അലാറം. ഞാൻ താമസിച്ചിരുന്ന ഹോസ്റ്റൽ എന്ന് പറയുന്നത് തന്നെ ഒരു മുസ്ലിം ഓർഫനേജ് മായി ബന്ധപ്പെട്ടുള്ള സ്ഥാപനമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും പറയും അവിടെ ഓരോരുത്തരും ഓരോ ദിവസവും സ്പോൺസർ ചെയ്യുന്ന ഭക്ഷണം ഹോസ്റ്റലിലെ കുട്ടികൾക്കും കിട്ടുമെന്ന്. അധികവും ബിരിയാണിയും മറ്റുമാണ് കിട്ടുക എന്ന് കൂടി അറിഞ്ഞ തോടുകൂടി ഞാൻ അതിൽ ഫ്ലാറ്റായി വീണു എന്ന് തന്നെ പറയണം. അപ്പോ ഞാൻ പറഞ്ഞു വന്നത് അടുത്ത ദിവസം ഞാനും 5 മണിക്ക് തന്നെ അലാറം വെച്ച് എഴുന്നേറ്റു. പക്ഷേ അഞ്ചുമണിക്ക് ഞാൻ എഴുന്നേറ്റപ്പോഴും ഒരുപാട് കുട്ടികൾ നേരത്തെതന്നെ എഴുന്നേറ്റ് തയ്യാറായി ബാത്ത്റൂമിലേക്ക് പോകുന്നുണ്ട്. നേരെ പോയപ്പോൾ എല്ലാവരും പുറത്തു അങ്ങനെ കാത്തു നിൽക്കുന്നുണ്ട്. ചിലർ കയറുന്നു ഇറങ്ങുന്നു .അങ്ങനെ നോക്കിനിന്ന് സമയം പോയത് അറിഞ്ഞില്ല. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വലതുവശത്തെ അങ്ങേയറ്റത്തെ ബാത്റൂമിൽ ആരും കയറി കാണുന്നില്ല. ഞാൻ വേഗം തന്നെ എൻറെ തോർത്തും ബക്കറ്റും സോപ്പും ബ്രഷും ഡ്രസ്സും എല്ലാം എടുത്തു ആ ബാത്റൂമിലേക്ക് കയറി. ആ ബാത്റൂമിൽ ആണെങ്കിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. യൂറോപ്യൻ ക്ലോസെറ്റും ഇന്ത്യൻ ക്ലോസെറ്റും ഷവറും ഉണ്ട്. പിന്നെ വേറെ എന്താ വേണ്ടത്? കാരണം അവിടെയുള്ള ചില ബാത്റൂമുകളിൽ ടോയ്‌ലറ്റ് സൗകര്യം പോലും ഇല്ലായിരുന്നു. അങ്ങനെ വെച്ചുനോക്കുമ്പോൾ ഇത് ലോട്ടറി തന്നെ. ഞാൻ ബാത്റൂമിൽ കയറി കുളിച്ചു മാറ്റി ഫ്രഷ് ആയി പുറത്തു വന്നു. റൂമിൽ നിന്ന് യൂണിഫോം എല്ലാം ധരിച്ച് പുറത്തിറങ്ങിയപ്പോഴേക്കും ഞാൻ പഠിക്കുന്ന സ്കൂളിൻറെ മാനേജ്മെൻറ് കീഴിലുള്ള കോളേജിലെ സീനിയർ ചേച്ചിമാർ എന്നെ കാത്തു നിൽക്കുന്നു. അവരുടെ കൂടെ ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോയി. കളിച്ചു ചിരിച്ചു സംസാരിക്കുന്നതിനിടയിൽ അവരിൽ ചിലർ ചോദിച്ചു കുളിയൊക്കെ നന്നായി കഴിഞ്ഞോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നല്ല സൗകര്യമുള്ള വാഷ്റൂം തന്നെ ആയിരുന്നു എന്ന്. അപ്പോഴാണ് അവര് പറയുന്നത് അവിടെ ആരും കയറാറില്ല എന്ന്. എട്ടുവർഷം മുമ്പ് അവിടെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു പോലും. ഞാൻ ശരിക്കും പേടിച്ചു പോയി .പക്ഷേ അത് പുറമേ കാണിക്കാതിരിക്കാൻ ശ്രമിച്ചു. പേടി താനെ എൻറെ ഉള്ളിൽ കയറി ഇരിപ്പായി. അതുകഴിഞ്ഞ് ഭക്ഷണം കാത്തുനിൽക്കുമ്പോഴാണ് പ്രധാനപ്പെട്ട സംഭവം നടക്കുന്നത്. നല്ല കോഴിക്കറിയോ ബീഫ് കറിയോ പ്രതീക്ഷിച്ചു നിന്ന എൻറെ മുന്നിൽ പൂരിയുടെ കൂടെ ചെറുപയർ കറി. ജനിച്ചിട്ട് ചെറുപയർ കഴിച്ച കാലം എനിക്ക് ഓർമ്മയില്ല. വീട്ടിൽ ചെറുപയർ ആക്കുമ്പോൾ ഞാൻ കഴിക്കാറുമില്ല. ബാക്കിയുള്ളവരെല്ലാം രസിച്ച് ചെറുപയർ കൂട്ടി പൂരി കഴിക്കുന്നത് കണ്ടു ഞാൻ തരിച്ചുപോയി. എന്തായാലും ചെറുപയർ കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു ഞാൻ വെറും പൂരിയും ചായയും കഴിച്ചു. പിന്നത്തെ പ്രതീക്ഷ ഉച്ചയാണല്ലോ. സ്കൂൾ ഹോസ്റ്റലിലെ തൊട്ടടുത്തുതന്നെ ആയതുകൊണ്ട് ഉച്ചഭക്ഷണത്തിനു ഹോസ്റ്റലിലേക്ക് തന്നെയാണ് വരേണ്ടത്. ഉച്ചയ്ക്കും ഏറെ പ്രതീക്ഷയോടെ ചോറിന്റെ മുന്നിൽ ഇരുന്ന എനിക്ക് വീണ്ടും വച്ചുനീട്ടിയത് ചെറുപയറും ചോറും. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. കാരണം വയറു കത്തി കാളുന്നുണ്ടായിരുന്നു. കണ്ണുംപൂട്ടി ചോറും ചെറുപയറും കുഴച്ചു അങ്ങോട്ട് തിന്നു. ഗതികെട്ടാൽ പുലി പുല്ലും തിന്നും. അത്ര തന്നെ. ഇത്രയും കാലം ചെറുപയർ കഴിക്കാത്തത് കൊണ്ടാണോ ആണോ അതോ ആദ്യമായി കഴിച്ചതുകൊണ്ടാണോ എന്നെനിക്കറിയില്ല ആ ചെറുപയർ കറിക്ക് വല്ലാത്തൊരു സ്വാദ് ഉണ്ടായിരുന്നു. നല്ല തേങ്ങാക്കൊത്തും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വാട്ടിയെടുത്തിട്ട് വറുത്ത മല്ലിപ്പൊടി കൊണ്ട് ഉണ്ടാക്കിയ ചെറുപയർ കറി. വർഷങ്ങൾക്കുശേഷം ഇപ്പോൾ വീട്ടിൽ ഇവിടെ ഞാൻ ചെറുപയർ കൊണ്ട് കറി വെച്ചാൽ എൻറെ മക്കളും കഴിക്കാറില്ല. വിത്തു ഗുണം പത്ത് ഗുണം എന്നല്ലേ!!!! ✍️ Wordwarriortales Murshida Parveen

Comments

Popular posts from this blog

Lust

I try to suppress these wild thoughts, These cravings that I feel so intense But they consume me whole, And I can't escape their fence.  I see you came by, And my heart begins to race, My mind wanders off, To a forbidden, lustful space. I wish I could shake this thought, And let it fade away, But it lingers in my soul, Haunting me every way. I know it's wrong to think this way To want what I can't have, But the desire is too strong, And I feel like I'm going mad. So I'll keep these thoughts in me And let them die slowly  But they'll always be there, A constant, painful lie. For I know I cannot act for them, And I cannot be with you, So I'll keep on living, With these sad thoughts of lust, so real. Murshida Parveen 

Young Forever

"Digging deep inside the mine, the little girl crawled and crawled towards the hollow. She was expected to work long hours digging for mica, a shiny mineral mainly used in many cosmetic products. She was not given any protective gear or equipment, and the mine was dangerous and dark. She worked hard every day, digging through rocks and dirt with her bare hands. Months passed, and her health began to suffer. She was malnourished and weak, and she began to have trouble breathing from the dust in the mine. Her parents became worried about their daughter and went to the mine to see her. When they arrived, they found Her lying on the ground, unable to move. She had been injured in a cave-in and was badly hurt." Ram awoke once more from slumber. It's been three weeks, Ram started experiencing strange nightmares every night. In his dreams, he would see a little girl's death. At first, Ram thought it was just a bad dream, but the nightmares continued every night, and the litt...

**ഓൺലൈൻ പ്രണയം **

ആദ്യം ഒരു കൗതുകം അത് തീർക്കാൻ ഒരെത്തിനോട്ടം. നോട്ടത്തിൽ നിന്നും സന്ദേശങ്ങളായി സന്ദേശം വിളികളായി വഴിമാറി. സൗഹൃദം ഊട്ടിയുറപ്പിച്ച് വഴിതെറ്റില്ലെന്നുറപ്പിച്ച് വഴിമാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. ഒടുവിൽ ശ്രദ്ധയെ  പ്രലോഭനങ്ങളിൽ വഴി തിരിച്ച് വിട്ടു. പിരിയാൻ ആവാത്ത വിധം, പിണങ്ങാൻ കഴിയാത്ത വിധം, അടുത്ത് പരിചയിച്ച് ബന്ധം ദൃഢമായി മാറിയ നേരം, മടുപ്പിന്റെ ലാഞ്ചന ചെറുതായി വീശി. പിന്നെ പണ്ട് പാടിയ വാഴ്ത്തു പാട്ടുകളെല്ലാം പിണക്കങ്ങളായി, പരിഭവങ്ങളായി, പരാതികളായി മാറി. മിണ്ടാതിരിക്കാൻ കഴിയാതിരുന്നവർ, പേരിന് നേരെ പച്ചവെളിച്ചം തെളിയാൻ കാത്ത് നിന്നവർ, ഒഴിഞ്ഞ് മാറാൻ പഠിച്ചു. ഒടുക്കം ബ്ലോക്ക് ലിസ്റ്റിൽ തുടക്കം ആ പേരെത്തി നിന്നു. Murshida Parveen