ശ്വാസമെടുക്കുമ്പോൾ വല്ലാതെ കിതപ്പ് കൂടിയിരിക്കുന്നു. പഴയപോലെ ഓടാനും ചാടാനും ഒന്നും കഴിയുന്നില്ല. ശബ്ദത്തിന് പോലും വ്യത്യാസം വന്നു തുടങ്ങി. കാലുകളുടെ ബലക്ഷയം എനിക്കും എന്നപോലെ എനിക്ക് ചുറ്റിലും ഉള്ളവർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ആയിരിക്കണം അവർ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. എങ്കിലും മനുഷ്യത്വം അന്യമായി തീരുന്ന തരത്തിൽ ഇവരൊക്കെ എന്തിനാണ് ഈ അവസരത്തിൽ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
അവരുടെ പ്രശ്നം എൻറെ രൂപമോ വസ്ത്രരീതിയോ പണമോ പ്രശസ്തിയോ ഒന്നുമല്ല. അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവാത്ത തരത്തിൽ ഞാൻ തളർന്ന് പോയിട്ടുണ്ടെന്ന തിരിച്ചറിവ് തന്നെയാവണം, ഈ അവസരത്തിൽ അവർ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം. എങ്കിലും എങ്ങനെ അവർക്കതിനു കഴിഞ്ഞു. അത്രമാത്രം അവരെ ഞാൻ സ്നേഹിച്ചിരുന്നു. എനിക്ക് മനസ്സിലായി എൻറെ സ്നേഹം അവർ അർഹിക്കുന്നില്ല. അത് എൻറെ കുറ്റമല്ലല്ലോ.
ഒരു കാലത്ത് എന്നെയും മാത്രം വിചാരിച്ചു കഴിഞ്ഞവർ ഉണ്ടായിരുന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഞാൻ തുള്ളി കൊടുത്തിരുന്ന ഒരു കാലം. എൻറെ കണ്ടുപിടുത്തങ്ങളിൽ ആത്മ നിർവൃതിയും സംതൃപ്തിയും കൊണ്ട് നടന്നവർ. ഞാൻ ഇല്ലെങ്കിൽ ഒന്നും നടക്കില്ല എന്ന് വിശ്വസിച്ചവർ. എന്നെ തൃപ്തിപ്പെടുത്താനായി മാത്രം എൻറെ താൽപര്യങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണക്കനുസരിച്ച് തരംതിരിച്ചു അതെല്ലാം കണക്കിലെടുത്ത് അതിനനുസരിച്ച് എന്നോട് നിലകൊണ്ടവർ.
എപ്പോഴാണ് അവർക്ക് എന്നോടുള്ള താല്പര്യം കുറഞ്ഞത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. എന്നെ ഉപയോഗപ്പെടുത്താവുന്നതിൻറെ പരമാവധി ഉപയോഗിച്ചിട്ടും ഇപ്പോൾ കറിവേപ്പിലയെ പോലെ എന്നെയും ഒഴിവാക്കിക്കളയാൻ ആണ് അവർ ഉദ്ദേശിക്കുന്നത്.
ആയ കാലത്ത് എൻറെ ആരോഗ്യം പോലും പരിഗണിക്കാതെ ഞാൻ അവർക്ക് വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ടായിരുന്നു.
ഞാൻ കഠിനാധ്വാനം ചെയ്തു കണ്ടുപിടിച്ച കാര്യങ്ങൾക്കെല്ലാം പ്രതിഫലം ഏറ്റുവാങ്ങിയതും എല്ലാവരുടെയും അഭിനന്ദനം കിട്ടിയതും അവർക്ക് തന്നെയായിരുന്നു. അതിലൊന്നും അന്നും ഇന്നും എനിക്ക് പരാതിയുമില്ല. അവർ പോലും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിച്ചു ഒരിക്കൽ പോലും അവർക്ക് എത്തിപ്പെടാൻ സാധിക്കാത്ത തരത്തിലുള്ള സ്ഥലങ്ങളിൽ അവരെ എത്തിച്ചത് ഞാനാണെന്ന് പലപ്പോഴും അവർ മറന്നിട്ടുണ്ട്.
എന്നിലൂടെ പ്രശസ്തിയും പണവും ലഭിച്ചിട്ടും കാലക്രമേണ എന്നിലൂടെ നേട്ടങ്ങൾ നേടിയവർ എനിക്ക് നേരെ കണ്ണടയ്ക്കുന്നു എന്ന വസ്തുത അംഗീകരിക്കാൻ എനിക്കിനിയും സാധ്യമല്ല. അവർക്ക് ചിലപ്പോൾ തെറ്റ് പറ്റിയതാണെങ്കിലോ? തിരുത്താൻ ഒരവസരം അവർക്ക് കിട്ടിയിരുന്നെങ്കിൽ അവർ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുമായിരുന്നോ?
സത്യം പറയാലോ, എൻറെ ഉറക്കം പോയി മനസ്സമാധാനം നഷ്ടപ്പെട്ടു. ഞാൻ അവരാൽ പറ്റിക്കപ്പെട്ടതാണോ അതോ അവർക്ക് എന്തെങ്കിലും അബദ്ധം പിണഞ്ഞതാണോ? ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ല. ഇവർ ശരിക്കും എന്നെ ചതിച്ചത് ആണെങ്കിൽ എനിക്ക് ഒരിക്കലും ഇവരോട് ഒന്നും പകരം വീട്ടാൻ പോലും പറ്റില്ല. കാരണം എൻറെ പ്രത്യേകത തന്നെ അതാണല്ലോ. നന്ദികേടു കാട്ടാൻ ഞാൻ പഠിച്ചിട്ടില്ലല്ലോ.
ഈ ലോകത്തിനും മാനവർക്കും മുന്നിൽ നന്ദി കാണിക്കാൻ ഏറ്റവും കേമൻ എന്ന ബഹുമതി എനിക്കും എൻറെ കൂട്ടുകാർക്കും എല്ലാവരും പതിച്ചു തന്നിട്ടുണ്ടല്ലോ. അവർക്ക് അവരുടെ തനതായ മനുഷ്യത്വം കാണിക്കാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും?
ഇനിയും അധികം കാത്ത് കിടക്കേണ്ടി വരില്ല എന്ന് തോന്നുന്നു. അതാ, എനിക്ക് നേരെ വരുന്ന ആ കോട്ടിട്ടയാളുടെ കയ്യിൽ ആയിരിക്കണം എൻറെ ജീവൻ പിടിച്ചെടുക്കാനുള്ള ആയുധം. അങ്ങനെ പോലീസിനു വേണ്ടി ജനങ്ങൾക്കു വേണ്ടി ഇത്രയധികം സർവീസുകളിൽ സഹായിച്ച് അവർക്ക് പറ്റാത്ത തെളിവുകൾ കണ്ടുപിടിച്ചു കൊടുത്ത് തിളങ്ങിനിന്ന കൈസർ എന്ന പൊലീസ് നായയായ എന്നെ, കാര്യം കഴിഞ്ഞപ്പോൾ ദയാവധം എന്ന പേരും പറഞ്ഞ് നന്ദികെട്ടവന്മാർ എന്നെ കൊന്നു കളഞ്ഞിരിക്കുന്നു.
©️ Wordwarrior
Comments
Post a Comment